വിജിലൻസ് എൻക്വയറികൾ/രഹസ്യ വിവരശേഖരണം/മിന്നൽ പരിശോധന എന്നിവയിലൂടെ പൊതു സേവകനെതിരെ പ്രഥമ ദൃഷ്ട്യ പെരുമാറ്റ ദൂഷ്യം ഉണ്ടെന്ന് തെളിഞ്ഞാലോ പൊതുപ്രവർത്തകൻ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന വിവരം ലഭിച്ചാലോ വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോ പി സി ആക്ട് 1988 പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ലഭ്യമായ തെളിവുകൾ പരിശോധിച്ച ശേഷം ബ്യൂറോ ഡയറക്ടറുടെ അനുമതിയോടെ യൂണിറ്റ് ഓഫീസുകളാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. അഴിമതിക്കാരെ കുടുക്കുന്ന കേസുകളിൽ (ട്രാപ് കേസുകൾ) സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യാൻ യൂണിറ്റ് ഓഫീസുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. പി സി ആക്ട് 1988 പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനുമായി, യൂണിറ്റ് ഓഫീസുകളും (ജില്ലാ യൂണിറ്റ്, റേഞ്ച് യൂണിറ്റ്, പ്രത്യേക യൂണിറ്റ്) ഡയറക്ടറേറ്റും പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്രിമിനൽ പ്രൊസീഡിയർ 1973-ലെ (1974 ലെ കേന്ദ്ര ആക്ട് 2) സെക്ഷൻ 2 ലെ ചട്ടങ്ങൾ പ്രകാരം വിജിലൻസ് പോലീസ് സ്റേ്റഷനുകളായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. (No.10058/C1/2000/Vig.) Dated 4.12.2000 എന്ന സർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം കൺസോളിഡേഷൻ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്.
ലഭ്യമാകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാരാണ് വിജിലൻസ് എൻക്വയറിക്ക് ഉത്തരവിടുന്നത്. ബ്യൂറോ സ്വന്തമായി വിജിലൻസ് എൻക്വയറികൾ ആരംഭിക്കാറില്ല.
വിജിലൻസ് എൻക്വയറികളെ കൂടാതെ സർക്കാരിൻ്റെ  ആവശ്യപ്രകാരമോ സ്വന്തം നിലയിലോ ഈ ബ്യൂറോ രഹസ്യ പരിശോധനകൾ നടത്താറുണ്ട്. അഴിമതിയിലൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വത്ത് സമ്പാദിക്കുന്നു എന്ന ആരോപണങ്ങളുടെ പുറത്താണ് പ്രധാനമായും രഹസ്യ പരിശോധനകൾ നടത്താറുള്ളത്
സർക്കാരാണ് വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നത്. ചില സന്ദർഭങ്ങളിൽ വിജിലൻസ് എൻക്വയറികൾക്ക് ഉത്തരവിടുന്നതിന് പകരം ചില കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ഈ ബ്യൂറോയിലേയ്ക്ക് തരാറുണ്ട്. ചില സന്ദർഭങ്ങളിൽ കോടതികളും ഇപ്രകാരം ചെയ്യാറുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനും ആയതിന്റെ നിജസ്ഥിതി സർക്കാരിലേയ്ക്കോ കോടതിയിലേയ്ക്കോ നൽകേണ്ടത് അത്യന്താപേക്ഷിതമായി വന്നപ്പോൾ 1.10.2008 മുതൽ ഈ ബ്യൂറോ ത്വരിതാന്വേഷണം എന്ന പേരിൽ പുതിയൊരു അന്വേഷണ രീതി കൊണ്ടുവരുകയുണ്ടായി. ത്വരിതാന്വേഷണം പൂർത്തികരിക്കാനുള്ള സമയപരിധി 45 ദിവസമോ അല്ലെങ്കിൽ കോടതിയോ സർക്കാരോ നിഷ്കർഷിക്കുന്ന ദിവസങ്ങളോ ആയിരിക്കും
പരാതികളുടെയോ സ്വന്തം സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെയോ അടിസ്ഥാനത്തിൽ വിജിലൻസ് ആൻ്റ്  ആൻ്റി-കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധനകൾ സംഘടിപ്പിക്കാറുണ്ട്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേയ്ക്ക് ലഭ്യമാകുന്ന വിവരത്തിന്മേൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നറിയുന്നതിലേയ്ക്കായി ഈ ബ്യൂറോ ഒരു പ്രാഥമിക അന്വേഷണം നടത്താറുണ്ട്. ഈ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് എൻക്വയറി/ത്വരിതാന്വേഷണം/മിന്നൽ പരിശോധന/രഹസ്യാന്വേഷണം/ഡിസ്ക്രീറ്റ് എൻക്വയറി എന്നിവ ഉൾപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ കോഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യം നടന്നതായി വെളിവാകുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആയത് ബന്ധപ്പെട്ട വിജിലൻസ് കോടതിയിലേയ്ക്ക് അറിയിയ്ക്കുകയും ചെയ്യുന്നു. പ്രാഥമിക അന്വേഷണ സമയത്ത് പൊതുജന സേവകരുടെ പെരുമാറ്റ ദൂഷ്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റ  ചട്ട ലംഘനങ്ങൾ മാത്രമേ വെളിപ്പെടുകയുള്ളൂ എങ്കിൽ, ജി.ഒ (പി) 65/92/വിജി തീയതി 12.5.1992 പ്രകാരം പ്രതിരോധ നടപടികൾക്കായി സർക്കാരിൽ ശുപാർശ ചെയ്യുകയാണ് ബ്യൂറോ ചെയ്യുന്നത്.