സന്ദേശം
ഡയറക്ടര്‍ വിജിലന്‍സ്
വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ശത്രുവാണ് അഴിമതി. അഴിമതിരഹിത സമൂഹവും പൊതുഭരണ സംവിധാനവും കെട്ടിപ്പടുക്കുക എന്നത് വിജിലൻസ് ആൻ്റ് ആൻ്റികറപ്ഷ്ൻ ബ്യൂറോയുടെ ലക്ഷ്യമാണ്. ഏവരുടെയും സഹകരണത്തോടും ഏകോപനത്തോടും കൂടി ഈ ലക്ഷ്യം കൈവരിക്കുന്നതിന് സമഗ്രമായ പദ്ധതികൾ വിജിലൻസ് ആസൂത്രണം ചെയ്ത് വരികയാണ്. പൊതുഭരണത്തിന് കീഴിലുള്ള ഓഫീസുകളിലെ അഴിമതി തടയുന്നതിനുള്ള കാവൽ പോരാളിയായി പ്രവർത്തിക്കുന്നതോടൊപ്പം അഴിമതിക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്ദ്യോഗസ്ഥർക്കെതിരെ ശക്തവും നിഷ്പക്ഷവും സുതാര്യവുമായ നടപടി സ്വീകരിക്കുന്ന നിയമ സംവിധാനം കൂടിയാണ് വിജിലൻസ്.
പൊതു സേവനത്തിൽ അഭിമാനം കൊള്ളുന്ന, സേവനസന്നദ്ധരായ, ധാർമ്മികത കൈമുതലായുള്ള ഒരു ഭരണ സംവിധാനം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. പൊതുജനങ്ങൾ, തങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട സേവനങ്ങൾ അത് നൽകുവാൻ ബാദ്ധ്യസ്ഥരായ ഉദ്ദ്യോഗസ്ഥരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വഴിപ്പെടാതെ നേടിയെടുക്കാനും തടസ്സം നിൽക്കുന്ന അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരെ കുറിച്ച് വിവരം നൽകി വിജിലൻസിന്റെ അഴിമതിയ്ക്കെതിരായ പ്രവർത്തനങ്ങളിൽ തങ്ങളുടെ കടമ വഹിക്കേണ്ടതുമാണ്. ഇതുകൂടാതെ, ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും മറ്റ് നവീന സാങ്കേതിക സംവിധാനങ്ങളും സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തുക വഴി സർക്കാർ സംവിധാനങ്ങളിലെ അഴിമതിയ്ക്ക് സ്വാഭാവികമായും തടയിടാൻ കഴിയും.
അഴിമതി വിമുക്ത കേരളം എന്ന വിജിലൻസിൻ്റെ ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിലേയ്ക്ക് വിജിലൻസ് വകുപ്പിലെയും മറ്റ് എല്ലാ സർക്കാർ വകുപ്പുകളിലേയും ഉദ്ദ്യോഗസ്ഥരോടൊപ്പം ഈ നാട്ടിലെ ഓരോ പൌരന്മാരുടെയും സഹകരണം ഞാൻ അഭ്യർത്ഥിക്കുന്നു.
മനോജ് എബ്രഹാം ഐ പി എസ്
ഡയറക്ടര്‍ വിജിലന്‍സ്
കേരളം