The bus permit was obtained following the intervention of the Vigilance

ബസ് പെർമിറ്റ് പുതുക്കി നൽകുന്നതിന് ഏജന്റുമാർ മുഖാന്തിരം കൈക്കൂലി വാങ്ങിയതിന്  എറണാകുളം ആർ.ടി.ഒ ജേർസണെയും ഏജന്റുമാരായ രാമപടിയാർ, സജേഷ് എന്നിവരെ 19/02/2025 തീയതി എറണാകുളം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ആർ.ടി.ഒ ജേർസണിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വൻ വിദേശമദ്യ ശേഖരവും, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങളും വിജിലൻസ് കണ്ടെടുത്തിരുന്നു. ഈ കേസ്സുമായി ബന്ധപ്പെട്ട ബസ് പെർമിറ്റിനുള്ള അപേക്ഷയിലാണ് വിജിലൻസിന്റെ ഇടപെടലിനെ തുടർന്ന് ബസ് പെർമിറ്റ് പുതുക്കി നൽകിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാൻഡ് ചെയ്ത ആർ.ടി.ഒ ജേർസൺ ഇപ്പോഴും ഈ കേസ്സിൽ റിമാൻഡിൽ ജയിലിൽ കഴിയുകയാണ്. വിജിലൻസിന് കിട്ടുന്ന പരാതികളിൽ കർശന നടപടികൾ സ്വീകരിക്കുന്നതും, അത്തരം പരാതികളിൽ പരാതിക്കാരന്റെ ന്യായമായ കാര്യങ്ങൾ ഉടനടി അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് വിജിലൻസ് ചെയ്തു കൊടുക്കുന്നതും പൊതുജനങ്ങളിൽ നിന്നും വലിയ രീതിയിൽ പ്രശംസ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

         കൈക്കൂലിക്ക് വേണ്ടിയോ, കൈക്കൂലി ആവശ്യപ്പെട്ടോ പൊതുജനത്തിന് ലഭിക്കേണ്ടുന്ന അർഹമായ സേവനം ലഭ്യമാക്കുന്നതിന് വിമുഖത കാണിക്കുന്ന ഏതൊരു സന്ദർഭത്തിലും പൊതുജനം മടികൂടാതെ വിജിലൻസിനെ സമീപിക്കണമെന്നും, സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനത്തിന് ലഭിക്കേണ്ട അവസാനത്തെ സേവനവും ലഭ്യമാക്കുന്നതുവരെ വിജിലൻസ് ഒപ്പമുണ്ടാകുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അറിയിച്ചു

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.