OPERATION SPOT TRAP

കൈക്കൂലിക്കാരെ സൂക്ഷിക്കുക- വിജിലൻസിന്റെ 
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025

    കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ഒരു ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.  കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വിജിലൻസ് യൂണിറ്റുകളെ അറിയിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി വിപുലമായി നടത്തികൊണ്ടിരുക്കുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 -ൽ ജനുവരി മാസം മാത്രം 8 ട്രാപ്പ് കേസ്സുകളിലായി 9 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുകയുണ്ടായി. വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും, വിജയകരമായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയർന്ന കണക്കാണ്.

    2025 ജനുവരി മാസം രജിസ്റ്റർ ചെയ്ത 8 ട്രാപ്പ് കേസ്സുകളിൽ 5 കേസ്സുകളും റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കെതിരെയാണ്. ഇതിൽ 4 വില്ലേജ് ഓഫീസർമാരും, 2 സർവ്വേ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇത് കൂടാതെ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെയും, ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും, ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്യുകയുണ്ടായി. അഴിമതി രഹിതമായ സർക്കാർ സേവനം ഉറപ്പ് വരുത്തുന്നതിലേക്കും, അഴിമതിക്കാരായ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കുണ്ടാക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കുന്നതിനും, ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 വരും മാസങ്ങളിലും തുടരുമെന്നും, കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ.യോഗേഷ് ഗുപ്ത ഐ.പി.എസ് അറിയിച്ചു.

    പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.